എറണാകുളം: സൗത്ത് കളമശ്ശേരി മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനിയിലെ ജനറേറ്ററിനാണ് തീ പിടിച്ചത്. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഉടൻ ഏലൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളിലെത്തി തീ അണക്കുകയായിരുന്നു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
ജനറേറ്റർ റൂമിന് തൊട്ടു മുകളിലായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്‌തിട്ടുണ്ടായിരുന്നു. തൊഴിലാളികൾ താമസിക്കുന്ന മുറികളും ഇതിന് തൊട്ടടുത്തായിരുന്നു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനികളിൽ ഉൽപാദനം മാത്രമേ പാടുള്ളു. എന്നാൽ ഇവിടെ പല കമ്പനികളിലും തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ പറഞ്ഞു.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിരവധി കമ്പനികളിലായി ഒട്ടനവധി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചാൽ ഒരു ഡോക്‌ടറുടെ സേവനവും അഗ്നിരക്ഷാനിലയവും ഇവിടെ വളരെയധികം അത്യാവശ്യമാണെന്നും അതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉണ്ടാവണമെന്നും വാർഡ് കൗൺസിലർ ആവശ്യപ്പെട്ടു.
ALSO READ: സ്വര്‍ണക്കടത്തില്‍ സി.പി.എം - ബി.ജെ.പി ഒത്തുകളിയെന്ന് വി.ഡി സതീശൻ