എറണാകുളം: കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം കെ.എം.ആർ.എൽ വിപുലമായ പരിപാടികളോടെ മെട്രോ ദിനമായി ആഘോഷിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, ഹൈക്കോടതി, മറൈൻ ഡ്രൈവ്, കാക്കനാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള കൊച്ചി മെട്രോയുടെ വിവിധ വികസന പ്രവർത്തനങ്ങൾ 2027-നകം പൂർത്തിയാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
ജൂൺ 17 കൊച്ചി മെട്രോ ദിനം: ഇനി മുതൽ എല്ലാ വർഷവും ജൂൺ 17 കൊച്ചി മെട്രോ ദിനമായി ആചരിക്കുമെന്ന് എം.ഡി ലോക് നാഥ് ബെഹ്‌റ പറഞ്ഞു. മെട്രോയുടെ വരവോടെ വലിയ മാറ്റമാണ് കൊച്ചിയുടെ ഗതാഗത മേഖലയിൽ ഉണ്ടായതെന്നും, ഡൽഹി മെട്രോയെ പോലെ കൂടുതൽ വളരേണ്ടതുണ്ടെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. ടിക്കറ്റ് ചെലവിനെക്കാൾ ഉപരിയായി കൊച്ചി മെട്രോ ലാഭത്തിലാക്കുന്നതിനായി മറ്റ് മാർഗങ്ങൾ കൂടി തേടേണ്ടതുണ്ടെന്നും എം.പി വ്യക്തമാക്കി.
മുട്ടത്തെ ഓപ്പറേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടര്‍ ലോക്‌നാഥ് ബെഹ്‌റ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. മെട്രോയിലെ പൂര്‍വ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും സംഗമം നടന്നു. സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റ് ആൻഡ് എൻറിച്ച്‌മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മെട്രോയിൽ യാത്രയും സംഘടിപ്പിച്ചു.
മെട്രോയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ച കൊച്ചി മെട്രോ മെഗാ ഇവന്‍റിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. അഞ്ചാം വർഷികത്തിന്‍റെ ഭാഗമായി വെളളിയാഴ്‌ച ഏത് സ്റ്റേഷനിലേക്കും അഞ്ച് രൂപ നിരക്കിൽ യാത്ര ചെയ്യാനും കൊച്ചി മെട്രോ അവസരമൊരുക്കിയിരുന്നു. കൊച്ചിയുടെയും സംസ്ഥാനത്തിൻ്റെയും മുഖച്ഛായ മാറ്റിയ വികസന പദ്ധതിയായ കൊച്ചി മെട്രോ 2017 ജൂൺ 17നായിരുന്നു ഉദ്‌ഘാടനം ചെയ്‌തത്.