എറണാകുളം: വഴിയോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തിയ കൊച്ചി കോർപ്പറേഷനിൽ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ച് തുടങ്ങി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെയാണ് വഴിയോര കച്ചവടക്കാരെ നീക്കം ചെയ്‌തത്.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ ഹൈക്കോടതി ജങ്‌ഷന്‍ മുതൽ ഗാന്ധി സ്ക്വയർ വരെയുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്.
കോർപ്പറേഷൻ ലൈസൻസ് നൽകിയ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് പരിശോധിച്ചായിരുന്നു ഒഴിപ്പിക്കൽ. ലൈസൻസിലാത്ത വഴിയോര കച്ചവടക്കാരെ അവരുടെ വിപണന വസ്‌തുക്കളുമായി ഒഴിഞ്ഞ് പോകാൻ അനുവദിച്ചു. വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യാനും പുനരധിവാസത്തിന് അർഹരായവർക്ക് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാനും കോടതി അനുമതി നൽകിയിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് തിങ്കളാഴ്‌ച മുതൽ കോർപ്പറേഷൻ അനധികൃത വഴിയോര കച്ചവടക്കാരുടെ ഒഴിപ്പിക്കൽ തുടങ്ങിയത്.
Also read: Kerala Covid Restrictions | ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും, സ്‌കൂളുകള്‍ അടയ്‌ക്കില്ല