എറണാകുളം: കേരള സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇൻഫാമിന്‍റെ നേതൃത്വത്തില്‍ ജൈവ നെല്‍ കൃഷിക്ക് തുടക്കം കുറിച്ചു. കോതമംഗലം പൈങ്ങോട്ടൂർ യൂണിറ്റിന്‍റെയും പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് ഫെറോന പള്ളിയുടെയും ആഭിമുഖ്യത്തിലാണ് അഞ്ച് ഏക്കർ സ്ഥലത്ത് നെല്‍ കൃഷി ആരംഭിച്ചത്. നെൽകൃഷിയുടെ വിത്ത് ഇടല്‍ ഉദ്ഘാടനം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു. പത്ത് വർഷമായി തരിശായി കിടന്ന പൈങ്ങോട്ടൂർ പാട ശേഖരത്തില്‍ ഇത് രണ്ടാം തവണയാണ് ഇൻഫാമിന്‍റെ നേതൃത്വത്തില്‍ കൃഷി ഇറക്കുന്നത്.
സംസ്ഥാന സർക്കാർ കാർഷിക മേഖലക്കായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബങ്ങളിലും സമൂഹത്തിലും ഒരു ജൈവ സംസ്കാരം വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പുമായി സഹകരിച്ച് ഇൻ ഫാമിന്‍റെ നേതൃത്വത്തിൽ തരിശായി കിടക്കുന്ന പ്രദേശങ്ങളിൽ നെൽകൃഷിക്കും, മറ്റ് അനുബന്ധ കൃഷികൾക്കും തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. വരും ദിവസങ്ങളിൽ എല്ലാ വീടുകളിലും വ്യത്യസ്തങ്ങളായ ജൈവ പച്ചക്കറി തൈകളുടെ വിതരണം നടത്താനാണ് ഇൻഫാമിന്‍റെ തീരുമാനം.