എറണാകുളം: കൊച്ചി വിമാനത്താവളം വഴി വിദേശത്തു നിന്നും എത്തുന്ന പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല പൂർണ സജ്ജമായതായി മന്ത്രി വി.എസ് സുനിൽകുമാർ. തിങ്കളാഴ്ചയോടെ ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാകും. ഏഴായിരം മുറികളാണ് പ്രവാസികൾക്കായി തയാറാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്ക്രീനിങ്ങും മറ്റു പരിശോധനകളും വിമാനത്താവളത്തിൽ നടത്തുക. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിൽ കൊവിഡ് സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ 128 പേരിൽ നടത്തിയ റാന്‍റം പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ജില്ലയില്‍ കൂടുതല്‍ ആളുകളെത്തുന്ന എറണാകുളം മാര്‍ക്കറ്റില്‍ ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തും. ക്രമീകരണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊതു ജനങ്ങളും ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും തമ്മിലുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
എറണാകുളം മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം താല്‍ക്കാലികമായി നിര്‍ത്തലാക്കും. പകരം സംവിധാനമായി മറൈന്‍ ഡ്രൈവിനു സമീപം പ്രത്യേക സൗകര്യം നല്‍കും. സാമൂഹിക അകലം പാലിച്ചു കൊണ്ടു മാത്രമേ കച്ചവടം അനുവദിക്കു. മുമ്പ് കച്ചവടം നടത്തിയിരുന്ന പഴം, പച്ചക്കറി വ്യാപാരികള്‍ക്ക് മാത്രമാണ് പുതിയ സംവിധാനത്തില്‍ സ്ഥലം അനുവദിച്ചു നല്‍കാൻ തീരുമാനമായത്. അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകൾ പരിമിതമായി മാത്രം ജനങ്ങൾ ഉപയോഗപെടുത്തണമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപെട്ടു.