കൊച്ചി: എറണാകുളം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടർ എസ്.സുഹാസ്. മണ്ഡലത്തിലെ ആകെ 155306 വോട്ടര്‍മാരാണുള്ളത്. ഇതിൽ 76184 പേർ പുരുഷന്മാരും 79119 പേർ സ്ത്രീകളുമാണ്. മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരും മണ്ഡലത്തിലുണ്ട്. മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകളോ പ്രശ്ന സാധ്യത ബൂത്തുകളോ ഇല്ല. നിലവിലെ ബൂത്തുകൾ സംബന്ധിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അഞ്ച് പ്രശ്ന സാധ്യത ബൂത്തുകൾ കണ്ടെത്തിയിരുന്നു. എന്നാൽ രാഷട്രീയ സംഘട്ടനങ്ങളോ തർക്കങ്ങളോ സമീപകാലത്തുണ്ടാകാത്തത് പരിഗണിച്ചാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്.
പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കല്‍, വാഹനങ്ങളുടെ ക്രമീകരണം, ബാലറ്റ് പേപ്പര്‍ അച്ചടി എന്നിവ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂമും ഒരുക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷക മാധ്വി കടാരിയ, ചെലവ് നിരീക്ഷകന്‍ എ.ഗോവിന്ദരാജ് എന്നിവര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.
കൊച്ചി നഗരസഭയിലും ചേരാനല്ലൂരിലുമായി 53 പോളിങ് ലൊക്കേഷനുകളിലായി 135 പോളിങ് ബൂത്തുകളാണുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷന്‍ കുറുങ്കോട്ടയിലെ അംഗനവാടിയാണ്. ഇവിടെ 271 വോട്ടര്‍മാര്‍ മാത്രമാണുള്ളത്. ഇതില്‍ 141 പേര്‍ സ്ത്രീകളാണ്. എളമക്കര ഐ.ജി.എം പബ്ളിക് സ്ക്കൂളിലെ 42-ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. ഇവിടെയുള്ള 1474ല്‍ 748 പേര്‍ സ്ത്രീകളാണ്. പോളിങ് സാമഗ്രികളുടെ വിതരണം 20ന് മഹാരാജാസ് കോളേജിൽ നടക്കും. എറണാകുളം ഉപതെരഞ്ഞെടുപ്പിലെ മാതൃക പോളിങ് സ്റ്റേഷനായി എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലെ 86-ാം നമ്പര്‍ ബൂത്ത് തെരഞ്ഞെടുത്തു. ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിർന്നവർക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടൽ മുറി അടക്കമുള്ള സൗകര്യങ്ങളെല്ലാം മാതൃക പോളിങ് സ്റ്റേഷനിലുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.