മധ്യകേരളത്തില്‍ യുഡിഎഫിന്‍റെ ശക്തികേന്ദ്രം. സംസ്ഥാനത്ത് ഏറ്റവുമധികം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്രം. ഇതുവരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ 15 തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എംഎല്‍എമാരായി. സ്വതന്ത്രരായി മത്സരിച്ച എം.കെ സാനുവും സെബാസ്റ്റ്യന്‍ പോളും മാത്രമാണ് ഇടത് അംഗങ്ങളായി നിയമസഭയിലെത്തിയത്. മണ്ഡലത്തിലെ യുഡിഎഫ് അനുകൂല വോട്ടുകളിലും ലത്തീന്‍ വോട്ടുകളിലുമാണ് യുഡിഎഫിന് പ്രതീക്ഷ. സിറ്റിങ് എംഎല്‍എ ടി.ജെ വിനോദ് തന്നെയാണ് ഇത്തവണയും മത്സര രംഗത്ത്. ആഴക്കടല്‍ വിവാദത്തില്‍ ലത്തീന്‍ സഭയില്‍ നിന്നുണ്ടായ എതിര്‍പ്പ് നിലനില്‍ക്കെ സഭാ പ്രതിനിധി ഷാജി ജോര്‍ജിനെയാണ് എല്‍ഡിഎഫ് പിന്തുണക്കുന്നത്. സ്വതന്ത്രനിലൂടെ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫിന്‍റെ ശ്രമം. പത്‌മജ എസ് മേനോനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ഥിയായ പ്രൊഫ. ലെസ്‌ലി പള്ളത്തും വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സുജിത് സുകുമാരനും നിര്‍ണായക ശക്തിയായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ഇത്തവണ മെച്ചപ്പെടുത്താന്‍ ട്വന്‍റി ട്വന്‍റിയും വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടിയും വ്യാപക പ്രചാരണത്തിലാണ്.
മണ്ഡല ചരിത്രം
കൊച്ചി കോര്‍പറേഷന്‍ 26-30, 32, 35, 52-66 വരെയുള്ള വാര്‍ഡുകളും ചേരാനല്ലൂര്‍ പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് എറണാകുളം നിയമസഭ മണ്ഡലം. പുനര്‍നിര്‍ണയത്തിന് ശേഷമാണ് ചേരാനല്ലൂര്‍ പഞ്ചായത്ത് മണ്ഡലത്തിനൊപ്പം ചേര്‍ക്കുന്നത്. ആകെ 1,64,534 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 80,402 പേര്‍ പുരുഷന്മാരും 84,127 പേര്‍ സ്ത്രീകളും അഞ്ചു പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.
മണ്ഡല രാഷ്ട്രീയം
ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ മണ്ഡലത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല സ്വഭാവം ദൃശ്യമാണ്. 1957 ല്‍ കോണ്‍ഗ്രസിന്‍റെ എ.എല്‍ ജേക്കബ് എറണാകുളത്തിന്‍റെ ആദ്യ എംഎല്‍എയായി. 1960ല്‍ ജേക്കബ് ജയം തുടര്‍ന്നു. 1967ല്‍ അലക്സാണ്ടര്‍ പറമ്പിത്തറയിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 1970 മുതല്‍ 1988 വരെയുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്‍റെ സര്‍വാധിപത്യം. 1970ല്‍ എ.എല്‍ ജേക്കബ് വീണ്ടും മത്സരരംഗത്തെത്തി. സിപിഎമ്മിന്‍റെ എംഎം ലോറന്‍സിനെ തോല്‍പ്പിച്ചു. 5,042 വോട്ടുകള്‍ക്കായിരുന്നു ജേക്കബിന്‍റെ ജയം. 1977ല്‍ എ.എല്‍ ജേക്കബ് വീണ്ടും സ്ഥാനാര്‍ഥി. മുന്‍ എംഎല്‍എയും ഭാരതീയ ജനതാദള്‍ സ്ഥാനാര്‍ഥിയുമായ അലക്സാണ്ടര്‍ പെരുമ്പിത്തറയായിരുന്നു എതിരാളി. 1,724 വോട്ടുകള്‍ക്ക് ജേക്കബ് സീറ്റ് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാമങ്കത്തില്‍ എ.എല്‍ ജേക്കബ് നേരിട്ടത് കടുത്ത മത്സരം. സിപിഎം കെ.എന്‍ രവീന്ദ്രനാഥിനെ കളത്തിലിറക്കി. വെറും 577 വോട്ടിന് ജേക്കബിന് ആശ്വാസ ജയം.
1982ല്‍ എ.എല്‍ ജേക്കബും കോണ്‍ഗ്രസ് സെക്കുലറിന്‍റെ പി.സി ചാക്കോയും തമ്മില്‍ മത്സരം. കടുത്ത മത്സരം പ്രതീക്ഷിച്ചെങ്കിലും 7,182 വോട്ടുകള്‍ക്ക് ജേക്കബ് ജയിച്ചു. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപി 3.49% വോട്ടു മാത്രമാണ് നേടിയത്. 1987ല്‍ അഞ്ചാമങ്കത്തിനിറങ്ങിയ എ.എല്‍ ജേക്കബിന് പിഴച്ചു. ഇടതു സ്വതന്ത്രന്‍ എം.കെ സാനുവിന് അട്ടിമറി ജയം. സിറ്റിങ് എംഎല്‍എക്കെതിരെ 10,032 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു സാനുവിന്‍റെ ജയം. മണ്ഡലം നിലവില്‍ വന്ന് 30 വര്‍ഷത്തിന് ശേഷം ഇടതുമുന്നണിക്ക് ആദ്യ ജയം. സ്വതന്ത്രനായി മത്സരിച്ച എവറസ്റ്റ് ചമ്മിണി ഫ്രാന്‍സിസ് പതിനായിരത്തിലധികം വോട്ട് നേടി. 1991ല്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ജോര്‍ജ് ഈഡന്‍ സ്വതന്ത്രനായ എവറസ്റ്റ് ചമ്മിണിയെ 10,822 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. 1996ല്‍ ജോര്‍ജ് ഈഡനിലൂടെ കോണ്‍ഗ്രസ് ജയം ആവര്‍ത്തിച്ചു. വി.ബി ചെറിയാനായിരുന്നു ഇടത് സ്ഥാനാര്‍ഥി. 10,740 വോട്ടിന്‍റെ ഭൂരിപക്ഷം ഇത്തവണയും കോണ്‍ഗ്രസ് നേടി.
12-ാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ഈഡന്‍ രാജിവച്ചതോടെ 1998ല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇടതു സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോളിനെയിറക്കി എല്‍ഡിഎഫ് നടത്തിയ പരീക്ഷണം ജയിച്ചു. കോണ്‍ഗ്രസിന്‍റെ ലിനോ ജേക്കബിനെ 3,940 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ തോല്‍പ്പിച്ചു. 2001ല്‍ വീണ്ടും സെബാസ്റ്റ്യന്‍ പോള്‍ മത്സര രംഗത്ത്. എന്നാല്‍ കാര്യമായ വെല്ലുവിളി നേരിടാതെ കെ.വി തോമസിന് അനായാസ ജയം. 11,844 വോട്ടിനാണ് സെബാസ്റ്റ്യന്‍ പോള്‍ പരാജയപ്പെട്ടത്. 2006 ലും കെ.വി തോമസ് നിയമസഭയിലെത്തി. എം.എം ലോറന്‍സായിരുന്നു ഇടത് സ്ഥാനാര്‍ഥി. 5,800 വോട്ടിനായിരുന്നു കെ.വി തോമസിന്‍റെ ജയം. ലോക്‌സഭയിലേക്ക് ജയിച്ചതോടെ കെ.വി തോമസ് രാജിവെച്ചു. 2009ല്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ്. 1998 ആവര്‍ത്തിക്കുമെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ തെറ്റി. ഇത്തവണ കോണ്‍ഗ്രസിന്‍റെ ഡൊമിനിക് പ്രസന്‍റേഷന്‍ ജയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് 2011
ഇടതുമുന്നണിക്കായി സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും മത്സര രംഗത്ത്. യുഡിഎഫ് യുവനേതാവായ ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കി. 32,487 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തില്‍ ഹൈബി നിയമസഭയിലെത്തി. ബിജെപി സ്ഥാനാര്‍ഥി സി.ജി രാജഗോപാല്‍ 6,362 വോട്ട് നേടി മൂന്നാമതായി.
നിയമസഭ തെരഞ്ഞെടുപ്പ് 2016
ഹൈബി ഈഡന്‍ എറണാകുളം സീറ്റ് നിലനിര്‍ത്തി. എം അനില്‍കുമാറിനെതിരെ 21,949 വോട്ടിനായിരുന്നു ഹൈബിയുടെ ജയം. ഭൂരിപക്ഷത്തിനൊപ്പം വോട്ട് വിഹിതത്തില്‍ 9.26% ന്‍റെ കുറവുണ്ടായി. എല്‍ഡിഎഫും ബിജെപിയും വോട്ട് വിഹിതം ഉയര്‍ത്തി.
നിയമസഭ ഉപതെരഞ്ഞെടുപ്പ് 2019
ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നാം ഉപതെരഞ്ഞടുപ്പിന് എറണാകുളം സാക്ഷിയായി. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ വിനോദ് യുഡിഎഫിനായും അഭിഭാഷകന്‍ മനു റോയി എല്‍ഡിഎഫിനായും മത്സരത്തിനിറങ്ങി. സി.ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനെ മണ്ഡലം കൈവിട്ടില്ല. ടി.ജെ വിനോദ് 3,750 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഭൂരിപക്ഷം കുത്തനെയിടിഞ്ഞതും വോട്ട് വിഹിതത്തിലുണ്ടായ പത്ത് ശതമാനത്തോളം ഇടിവും യുഡിഎഫ് ജയത്തിന്‍റെ മാറ്റ് കുറച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് പിടിച്ചപ്പോള്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ യുഡിഎഫിനെ കൈവിട്ടില്ല. ആകെയുള്ള 22 വാര്‍ഡുകളില്‍ പത്തിടത്ത് യുഡിഎഫും ആറിടത്ത് എല്‍ഡിഎഫും നാലിടത്ത് എന്‍ഡിഎയും ജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയം കണ്ടു. ചേരാനല്ലൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി.