എറണാകുളം: കണ്ണൂർ ആർ.ടി ഓഫിസിൽ അതിക്രമം നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത ഇ ബുൾ ജെറ്റ് - യൂട്യൂബ് വ്ളോഗര്‍മാരായ എബിൻ, ലിബിൻ എന്നിവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. അതിനിടെ വിഷയത്തിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എം.എൽ.എയും രംഗത്തെത്തി. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് എം.എൽ.എ പ്രതികരിച്ചത്.
കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പൊലീസിന്‍റെയും വാഹന വകുപ്പിന്‍റെയും അതിക്രമങ്ങൾ എന്നായിരുന്നു കുഴൽനാടന്‍റെ പോസ്റ്റ്. എന്നാൽ നിയമലംഘനത്തെ ജനപ്രതിനിധിയായ ഒരാൾ ന്യായീകരിക്കുന്നു എന്ന വിമർശനം ഉയർന്നതോടെ എം.എൽ.എ പോസ്റ്റിൽ തിരുത്തൽ വരുത്തിയിട്ടുമുണ്ട്.
മാത്യു കുഴൽനാടന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
'പൊലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ ?
ഓരോ ദിവസവും പൊലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ മീൻ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക..
ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പൊലീസിന്‍റെയും വാഹന വകുപ്പിന്‍റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്ളോഗർമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്.
നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ പൊലീസിന് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളരിക്കാപട്ടണമല്ല.
വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വിത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.'
എന്നാൽ വിമർശനം ഉയർന്നതോടെ എം.എൽ.എ പോസ്റ്റിൽ കൂട്ടിച്ചേർക്കൽ വരുത്തി..
'പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനം പ്രതി ഉയർന്ന് വരുന്ന പൊലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽ കുറിപ്പ്', എന്നായിരുന്നു കുഴൽനാടൻ കൂട്ടിച്ചേർത്തത്. ആദ്യ പോസ്റ്റില്‍ ഈബുള്‍ ജെറ്റ് സഹോദരന്മാരുടെ ഫോട്ടോ എംഎല്‍എ ഇട്ടിരുന്നെങ്കിലും അത് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
READ MORE: 'ഇ ബുൾ ജെറ്റ് പൊളി,കുട്ടികള്‍ ചില്ലറക്കാരല്ല' ; പിന്തുണച്ച് ജോയ് മാത്യു
നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങൾ ചുമത്തിയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം വ്‌ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്. വ്ളോഗർമാരോട് തിങ്കളാഴ്‌ച രാവിലെ ആർ.ടി ഓഫിസിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.
READ MORE: ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ
തിങ്കളാഴ്‌ച ഓഫിസിലെത്തിയ ഇവര്‍ ആർ.ടി.ഒയുമായുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിട്ടുണ്ട്.