എറണാകുളം: കോതമംഗലം താലൂക്കില്‍ പൂയംകുട്ടി പുഴക്ക് കുറുകെ പണിത മണികണ്‌ഠന്‍ചാല്‍ ചപ്പാത്ത് ഉയരം കൂട്ടി പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലമായാല്‍ ഇവിടെ ഉള്ളവര്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ട നിലയിലാണ്. 2002 ലാണ് പൂയംകുട്ടി പുഴക്ക് കുറികെ ലക്ഷങ്ങള്‍ ചെലവഴിച്ച് ചപ്പാത്ത് നിര്‍മ്മിച്ചത്. എന്നാല്‍ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് ചപ്പാത്ത് നിര്‍മ്മിച്ചതെന്നാണ് ആരോപണം. ആറടി ഉയരത്തില്‍ നിര്‍മ്മിച്ച ചപ്പാത്ത് മഴക്കാലത്ത് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. പത്തോളം ആദിവാസി കോളനികള്‍, മണികണ്‌ഠന്‍ചാല്‍, കല്ലേലിമേട് എന്നീ ഗ്രാമങ്ങളെ പുറം ലോകവുമായി ബന്ധുപ്പിക്കുന്നത് ഈ ചപ്പാത്താണ്. മഴ തുടങ്ങിയാല്‍ പിന്നെ വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ സംവിധാനവും നിലച്ച് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്.
സ്‌കൂളില്‍ പോകാന്‍ കഴിയാതെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതും രോഗികള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിയാതെ പോകുന്നതും ഇവിടെ പതിവായിരിക്കുകയാണ്. എംപി ഡീന്‍ കുര്യാക്കോസ് മണികണ്‌ഠന്‍ചാല്‍ നിവാസികളെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും പുഴയില്‍ ഒഴുക്ക് ശക്തമായതിനാല്‍ മടങ്ങേണ്ടി വന്നു. പ്രദേശവാസികളുടെ ദുരിതം മനസിലാക്കുന്നെന്നും ചപ്പാത്ത് പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.