എറണാകുളം: കോതമംഗലം നിയോജക മണ്ഡലത്തിലെ സി.പി.ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ മുൻ ജില്ലാ കമ്മറ്റിയംഗവും എ.ഐ.വൈ.എഫ് മുൻ ജില്ലാ പ്രസിഡന്‍റും ഉള്‍പ്പെടെ നിരവധി പേരാണ് രാജിവച്ച് സി.പി.എമ്മിലെത്തിയത്. സംഘടനാ പ്രവർത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകളാണ് രാജിക്ക് കാരണമെന്ന് നേതാക്കൾ പറയുന്നു.
നിയോജക മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി ടി.എ സിദ്ധിഖ്, പിണ്ടിമന ഗ്രാമ പഞ്ചായത്ത് അംഗം സീതി മുഹമ്മദ്, എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റി സെക്രട്ടറി എന്‍.യു നാസർ, കോതമംഗലം നഗരസഭാ കൗൺസിലർ പ്രിൻസി എൽദോസ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ എന്നിവരെ കൂടാതെ കൂടുതൽ പേർ കൂടി സി.പി.എമ്മിലെത്തുമെന്ന് എ.ഐ.വൈ.എഫ് മുൻ ജില്ലാ പ്രസിഡന്‍റ് എ.ബി ശിവൻ അറിയിച്ചു.