എറണാകുളം: കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന മുറിവാടക പുതുക്കി നിശ്ചയിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതില്‍. മുറി വാടക ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന മുൻ ഉത്തരവ് റദ്ദാക്കിയതായും സർക്കാർ അറിയിച്ചു.
Also Read:മിനിമം 20 രൂപ, പരമാവധി 40 ; വാട്ടര്‍ മെട്രോ യാത്രാനിരക്ക്
പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയത്. മൂന്ന് വിഭാഗങ്ങളിലായാണ് നിരക്ക്. 100 മുറികൾ വരെയുള്ള ആശുപത്രികൾ, 100 മുതൽ 300 മുറികൾ വരെയുള്ള ആശുപത്രികൾ, 300ന് മുകളിൽ മുറികൾ ഉള്ള ആശുപത്രികൾ എന്നിങ്ങനെയാണ് ക്രമീകരണം.
പുതുക്കിയ നിരക്കുകൾ
2645 മുതൽ 9776 രൂപ വരെയാണ് പുതിയ ചികിത്സാനിരക്കുകൾ. ജനറൽ വാർഡുകൾക്ക് 2645 രൂപ മുതൽ 2910 രൂപവരെ ഈടാക്കാം. സ്വകാര്യ എസി റൂമുകൾ ആണെങ്കിൽ 5290 രൂപ മുതൽ 9776 രൂപവരെ ഈടാക്കാം.
പുതുക്കിയ നിരക്ക് ഈടാക്കാൻ കോടതി സർക്കാരിന് അനുമതി നൽകി. പുതിയ ഉത്തരവ് ആറ് ആഴ്‌ചവരെ പിന്തുടരാമെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചിട്ടുണ്ട്. അതിന് ശേഷമേ ഹർജി തീർപ്പാക്കാവൂ എന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ കോടതിയോട് ആവശ്യപ്പെട്ടു.
ഹർജി വീണ്ടും അടുത്ത മാസം ഇരുപത്തിയാറാം തിയ്യതി പരിഗണിക്കും. കൊവിഡ് ചികത്സയ്ക്ക് മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. പുതുക്കി ഉത്തരവ് ഇറക്കാനും നിർദേശിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്ക് നിശ്ചയിച്ച് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് നിരക്ക് നിശ്ചയിക്കാൻ അനുമതി നൽകിയതിന്‍റെ പേരിൽ നേരത്തേ കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.