എറണാകുളം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. തോപ്പുപടി സ്വദേശി യൂസുഫ് സൈഫുദ്ദീൻ (65) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
ജൂൺ 28-ാം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ അന്ന് തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ ന്യൂമോണിയ വ്യാപിക്കുകയും വൃക്കകൾ ഉൾപ്പടെയുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തതോടെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയായിരുന്നു. എറണാകുളം ടിഡി റോഡിലെ വ്യാപാരിയാണ് മരിച്ച യൂസുഫ് സൈഫുദ്ദീൻ.
ഞായറാഴ്‌ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിക്കെ ശനിയാഴ്‌ച മരിച്ച മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദിന് (82) രാവിലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 29ന് റിയാദിൽ നിന്നെത്തി ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനക്കായുള്ള സ്രവ സാമ്പിൾ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇന്നാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ലഭിച്ചത്. മരിച്ച മുഹമ്മദ് അർബുദത്തിന് ചികിത്സ തേടുന്ന ആളായിരുന്നു.