എറണാകുളം : വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
തട്ടിക്കൊണ്ടുപോകല്‍, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയതെങ്കിലും കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പരാതിക്കാരൻ അടക്കം ആറ് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു.
കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈനെ കൂടാതെ കറുകപ്പള്ളി സിദ്ദിഖ്, തമ്മനം ഫൈസൽ, കാക്കനാട്ടെ വ്യവസായ സംരഭക ഷീല തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്
2016 ഒക്ടോബറിലാണ് യുവ വ്യവസായി ജൂബി പൗലോസ് സിപിഎം ഏരിയ സെക്രട്ടറിയ്ക്ക് എതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ഒന്നര വർഷം മുമ്പ് തന്നെ സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫിസിൽവച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
സംരംഭകയായ ഷീല തോമസിന് വേണ്ടിയായിരുന്നു സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗുണ്ടാപ്രവർത്തനം നടന്നതെന്നായിരുന്നു ആരോപണം. രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ സംഭവത്തിൽ സക്കീർ ഹുസൈനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു.
എന്നാൽ പാർട്ടി അന്വേഷണ കമ്മിഷൻ സക്കീർ ഹുസൈൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ സിപിഎമ്മില്‍ തിരിച്ചെടുത്തു. കോടതി കൂടി ഈ കേസിൽ വെറുതെ വിട്ടതോടെ സക്കീർ ഹുസൈന്‍റെ പാർട്ടി നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവിനാണ് വഴിയൊരുങ്ങുന്നത്.
READ MORE: സക്കീര്‍ ഹുസൈനെ സിപിഎമ്മില്‍ തിരിച്ചെടുത്തു