എറണാകുളം: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് നാട്ടിലെത്താനാകാതെ ചൈനയിലെ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചു. ബാങ്കോക്ക് വഴി പ്രത്യേക വിമാനത്തിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.
കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ വിദ്യാർഥികളെ കളമശേരി മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങളില്ലാത്തതിനാൽ വിദ്യാർഥികളെ വീടുകളിലേക്ക് അയച്ചു. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ ഇരുപത്തിയെട്ട് ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.യുനാന്‍ പ്രവിശ്യയിലെ ഡാലിയന്‍ ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥികളാണ് എല്ലാവരും.
വെള്ളിയാഴ്ച രാത്രി 11മണിയോടെയാണ് വിദ്യാർഥികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ആംബുലൻസിലാണ് ഇവരെ അതീവ ജാഗ്രതയോടെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വിദ്യാര്‍ഥികളുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് വിദ്യാർഥികൾക്ക് നാട്ടിലെത്താനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്.കോറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ബുക്ക് ചെയ്ത സിംഗപ്പൂര്‍ വഴിയുള്ള വിമാനടിക്കറ്റുകള്‍ അസാധുവാക്കുകയും മറ്റ് എയര്‍ലൈന്‍സുകള്‍ യാത്രാ അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥികള്‍ ദുരിതത്തിലായത്.
വിമാനയാത്ര അസാധ്യമാണെന്നു ചൈനീസ് അധികൃതർ ആവർത്തിച്ചതോടെ 14 പെൺകുട്ടികളുൾപ്പെടെ വിമാനത്താവള പരിസരത്തെ ഒരു വ്യാപാര സ്ഥാപനത്തിലാണ് അഭയം കണ്ടെത്തിയിരുന്നത്. ചൈനയിൽ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത വിമാനകമ്പനി ഒടുവില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം നൽകാൻ തയാറാവുകയായിരുന്നു.