എറണാകുളം : കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകി കൊച്ചിയിൽ ആഡംബര കപ്പൽ നങ്കൂരമിട്ടു. 1200 യാത്രികരെയും വഹിച്ച് മുംബൈയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയായ കോർഡിലിയ ക്രൂസ് ഷിപ്പാണ് ഒരു ദിവസത്തേക്ക് എത്തിയത്.
ആഡംബര നൗകകൾക്കായി കൊച്ചിയിൽ ഒരുക്കിയ പുതിയ ടെർമിനലിൽ എത്തുന്ന ആദ്യ നൗക എന്ന പ്രത്യേകതയും കോർഡിലിയ ക്രൂസ് ഷിപ്പിനുണ്ട്. കൊവിഡ് അടച്ചിടലിനുശേഷം ആദ്യമായി കപ്പൽമാർഗം കേരളത്തിലെത്തിയ സഞ്ചാരികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് സ്വീകരണം നൽകി. വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നീ കലാരൂപങ്ങളും സ്വീകരണ ചടങ്ങിന് മാറ്റുകൂട്ടി.
കപ്പലിലെ ആഭ്യന്തര വിനോദ സഞ്ചാരികൾ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക- സാംസ്കാരിക കേന്ദ്രങ്ങൾ, മറൈൻ ഡ്രൈവ്, മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ബോട്ട് യാത്ര നടത്തി കായൽ സൗന്ദര്യവും ആസ്വദിച്ചാണ് തിരികെ അവർ ക്രൂയിസിലെത്തിയത്.
ആദ്യ കപ്പൽ എത്തിയതിനുപിന്നാലെ മാസത്തിൽ രണ്ട് കപ്പലുകൾ കൊച്ചി വഴി സർവീസ് നടത്താനും വൊയേജര്‍ കേരളയെന്ന സ്വകാര്യ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണമനുസരിച്ച് സർവീസുകളുടെ എണ്ണവും വർധിപ്പിക്കും.
2020 മാർച്ചിലാണ് വിനോദസഞ്ചാരികളുമായി അവസാനമായി കൊച്ചിയിൽ കപ്പൽ എത്തിയത്. പിന്നീട് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിനോദസഞ്ചാര കപ്പലുകളുടെ സർവീസ് പൂർണമായും നിലച്ചിരുന്നു. ഒരിടവേളയ്ക്കുശേഷം ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവർ.