കൊച്ചി: കൊച്ചിയിൽ നിന്നും കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും. കോയമ്പത്തൂരിന് സമീപം കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് നവാസിനെ കണ്ടെത്തിയത്. ആർപിഎഫിലെ മലയാളി ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്. രാമേശ്വരം രാമനാഥപുരത്തേക്കാണ് പോയതെന്നാണ് സിഐ നവാസ് മൊഴി നൽകിയത്. രണ്ടു ദിവസം മുൻപാണ് എറണാകുളം സെൻട്രൽ സ്റ്റേഷൻ സിഐ വിഎസ് നവാസിനെ കാണാതായതായി ഭാര്യ പരാതിയുമായി രംഗത്തെത്തിയത്.
അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാറിന്റെ മാനസിക പീഡനവും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും മൂലമാണ് നവാസ് നാടുവിട്ടതെന്ന് ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. കാണാതായി ഒന്നര ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം നവാസിനെ കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. എസിപിയും നവാസും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും നവാസിന് പറയാനുള്ളത് കേട്ട ശേഷം തുടര്‍ നടപടിയെടുക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.