കൊച്ചി: ചൂർണ്ണിക്കര ഭൂമി തരം മാറ്റാൻ വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ നാലാം പ്രതിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അബു, അഞ്ചാം പ്രതിയും ലാന്‍റ് റവന്യൂ കമ്മീഷണർ ഓഫീസ് ജീവനക്കാരനുമായ അരുൺ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. പറവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ ഇടനിലക്കാരനായ അബുവിനു പുറമെ അരുൺ കുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ശനിയാഴ്ചയാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അബുവിന് വ്യാജ രേഖ നിർമ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തത് താനാണെന്ന് അരുൺകുമാർ മൊഴി നൽകിയിരുന്നു. പറവൂർ ഫസ്റ്റ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ആദ്യം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി നിരസിച്ചു. തുടർന്ന് ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡിൽ വിടുകയായിരുന്നു.