എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്‍റെ സാക്ഷിവിസ്താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ രഹസ്യമായാണ് സാക്ഷിവിസ്താരം നടന്നത്. പ്രോസിക്യൂഷൻ വിസ്താരത്തിന് ശേഷം പ്രതികളുടെ അഭിഭാഷകരും ഇടവേള ബാബുവിനെ വിസ്‌തരിച്ചു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച സാക്ഷി വിസ്താരം പൂർത്തിയായത് വൈകുന്നേരം മൂന്ന് മണിയോടെയാണ്. എട്ടാം പ്രതി ദിലീപിന്‍റെ ഭാര്യമാതാവ് കൂടിയായ ശ്യാമളയും മൊഴിനൽകാൻ കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തിയിരുന്നു. എന്നാൽ അവരെ വിസ്തരിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപും കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി പൾസർ സുനിയുൾപ്പടെയുള്ള പ്രതികളെയും കോടതിയിൽ ഹാജരാക്കി.
തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കാൻ നടൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ആക്രമണത്തിനിരയായ നടി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വിഷയം ദിലീപിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംഘടന ഈ വിഷയത്തിൽ ഇടപെടുന്നതിനെ ദിലിപ് എതിർക്കുകയായിരുന്നു. ഈ വിഷയം ഇടവേള ബാബു അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു. ആക്രമണത്തിനിരയായ നടിയും എട്ടാം പ്രതി ദിലീപും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് ഇടവേള ബാബുവിന്‍റെ മൊഴി ഏറെ നിർണായകമാണ്. ഒന്നാം ഘട്ട സാക്ഷിവിസ്താരം ഏപ്രിൽ ഏഴിന് പൂർത്തിയാക്കും. മുപ്പത്തിയഞ്ച് ദിവസം കൊണ്ട് 136 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഇതിനകം മുപ്പത്തിയെട്ട് സാക്ഷികളെയാണ് കൊച്ചിയിലെ വിചാരണ കോടതി വിസ്തരിച്ചത്. നാളെ നടി ഭാമ, ഗായകൻ മിന്നലെ നസീർ എന്നിവരെയാണ് വിസ്തരിക്കുക.