എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസിൽ കീഴടങ്ങിയ പ്രതി ജലാലിന്‍റെ കാർ കണ്ടെത്തി. സ്വർണക്കടത്തിന് ഉപയോഗിക്കുന്ന പ്രത്യേക അറകളുള്ള കാറാണ് തിരൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതി റമീസിൽ നിന്ന് സ്വർണം സ്വീകരിച്ചിരുന്നവരിൽ ഒരാൾ ജലാലാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയുള്ള സ്വര്‍ണക്കടത്തിലും ജലാലിന് പങ്കുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് നിലവിലുളള ജലാൽ വിമാനത്താവളം വഴി 60 കോടിയുടെ സ്വർണം കടത്തിയിട്ടുണ്ട്.
വർഷങ്ങളായി കസ്റ്റംസ് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് നാടകീയമായി ഇയാള്‍ കസ്റ്റംസിൽ കീഴടങ്ങുന്നത്. തിരുവനന്തപുരം കേസിലെ പ്രതി റമീസുമായി ജലാലിന് അടുത്ത ബന്ധമാണുള്ളത്. റമീസ് പിടിയിലായ സാഹചര്യത്തിൽ കള്ളക്കടത്തു സംഘങ്ങളിൽ നിന്നുള്ള ഭീഷണിയെ തുടർന്നായിരിക്കാം ജലാൽ കീഴടങ്ങിയതെന്നും പറയപ്പെടുന്നു. ജലാലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റമീസിൽ നിന്നും സ്വർണം വാങ്ങിയ മറ്റ് രണ്ട് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.