എറണാകുളം: ആരോഗ്യ മേഖലയിലെ കേരള മോഡൽ അനുഭവിച്ചറിഞ്ഞ് ബ്രിട്ടീഷ് പൗരനായ ബ്രയാൻ നീലും സംഘവും സ്വദേശത്തേക്ക് മടങ്ങി. കേരളം നൽകിയ ചികിത്സയിലും കരുതലിലും പുതുജീവൻ നേടിയാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നും സംഘം തിരിച്ചു പോയത്. കേരളം കാണാനെത്തിയ ബ്രിട്ടീഷ് സംഘത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.രോഗമുക്തരായ സംഘം ബ്രിട്ടീഷ് എയർവെയ്‌സിന്‍റെ പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച രാത്രി കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് മടങ്ങിയത്.
മാർച്ച് പതിനൊന്നിന് മുമ്പ് കേരളത്തിലെത്തിയ യു.കെയിൽ നിന്നുൾപ്പടെയുള്ള 268 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ഇതിൽ 110 പേർ തിരുവനന്തപുരത്ത് നിന്നും 158 പേർ കൊച്ചിയിൽ നിന്നുമാണ് വിമാനത്തിൽ കയറിയത്. ഇതിൽ കളമശേരി മെഡിക്കൽ കോളജിൽ നിന്നും കൊവിഡ് ചികിത്സിച്ച് ഭേദമാക്കിയ എട്ട് പേരെയും തിരിച്ചയക്കാൻ കഴിഞ്ഞതാണ് കേരളത്തിന്‍റെ അഭിമാന നേട്ടം.
മാർച്ച് ഏഴിന് കേരളത്തിലെത്തിയ ബ്രയാൻ നീലും സംഘവും പനിയുളള വിവരം മറച്ചുവച്ച് മൂന്നാറിലെ ഹോട്ടലിൽ നിന്ന് മുങ്ങുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി മടങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനം പറക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇവരെ തടഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 15 ന് കളമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രയാൻ ഏപ്രിൽ രണ്ടിന് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനു ശേഷം യാത്രാ സൗകര്യമില്ലാത്തതിനാൽ ടൂറിസം വകുപ്പിന് കീഴിലുള്ള എറണാകുളം ബോൾഗാട്ടി പാലസിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.