എറണാകുളം: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി എ.കെ നസീർ. മെഡിക്കൽ കോഴ അന്വേഷണത്തിന് ശേഷം തന്നെ ഒതുക്കാൻ ശ്രമിച്ചു. റിപ്പോർട്ട് ചോർത്തിയവർക്കെതിരെ നടപടിയെടുത്തില്ല. മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ട് സത്യസന്ധമായി തയ്യാറാക്കിയതായിരുന്നു. അതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നുവെന്ന് എ.കെ നസീർ പറഞ്ഞു.
ന്യൂനപക്ഷങ്ങളും പട്ടികജാതിക്കാരും തഴയപ്പെടുന്നു
ഇടുക്കിയിൽ വെച്ച് തനിയ്ക്ക് മർദനമേറ്റപ്പോൾ പാർട്ടി സംരക്ഷിച്ചില്ല. ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിൽ തനിയ്ക്ക് അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ല. പാർട്ടിയിൽ ന്യൂനപക്ഷങ്ങളും പട്ടികജാതിക്കാരും തഴയപ്പെടുകയാണ്. പാർട്ടി വിടുകയാണെങ്കിൽ കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകുമെന്നും എ.കെ നസീർ പറഞ്ഞു.
നേതാക്കളിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്ന നിലയാണുള്ളത്. പുതിയ അധ്യക്ഷൻ വന്നതിനു ശേഷമാണ് പാർട്ടിയിൽ കൂടുതൽ പ്രതിസന്ധിയുണ്ടായത്.
താൻ പാർട്ടിയിൽ വന്നിട്ട് 26 വർഷമായി. പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാനുള്ള അവസരം ലഭിക്കുന്നില്ല. തെറ്റായ പ്രവണതകളെ തിരുത്താൻ പാർട്ടി തയ്യാറാവുന്നില്ല. അച്ചടക്ക നടപടിയെ ഭയപ്പെടുന്നില്ലെന്നും പാർട്ടി വിരുദ്ധ നിലപാടല്ല തൻ്റേതെന്നും എ.കെ നസീർ വിശദീകരിച്ചു.
'എരിതിരിയില്‍ എണ്ണയൊഴിക്കുന്ന സമീപനം'
തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി വിനിയോഗിക്കുന്നതിനോട് യോജിപ്പില്ല. പാലാ ബിഷപ്പിന്‍റെ പരാമർശത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. സി.കെ പത്മനാഭൻ മാത്രമാണ് ശരിയായ നിലപാട് സ്വീകരിച്ചത്. പാർട്ടിയിൽ ഗ്രൂപ്പുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. തന്‍റെ അഭിപ്രായമുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തി മിനിറ്റുകൾക്കുള്ളിൽ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്‌തതിനെ അദ്ദേഹം പരിഹസിച്ചു. ഇത്രയും വേഗത പ്രവർത്തനത്തിനുണ്ടായിരുന്നെങ്കിൽ കേരളത്തിൽ അധികാരത്തിലെത്തിയാനെയെന്നും അദ്ദേഹം പറഞ്ഞു.
Also read: ബിജെപി ദേശീയ നിർവാഹക സമിതി : കണ്ണന്താനവും ശോഭ സുരേന്ദ്രനും പുറത്ത്, ഇ.ശ്രീധരൻ ക്ഷണിതാവ്