എറണാകുളം: കോടതി നിർദേശം കണക്കിലെടുത്താണ് സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടാനുള്ള നടപടിയെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. ബാറിലിരുന്ന് കഴിക്കാൻ തൽകാലം അനുവദിക്കില്ലെന്നും പാഴ്‌സൽ സംവിധാനം തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ബാറുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. തിങ്കളാഴ്‌ച മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് പുതിയ പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യൂ നിന്നുളള മദ്യ വിതരണം ഇനി പ്രയാസമാണ്. ബിവറേജ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനെ കുറിച്ച് ബെവ്കോയുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് അഴിമതി വെച്ചുപൊറുപ്പിക്കില്ലന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.