എറണാകുളം: വ്യവസായി യൂസഫലിയുടെ ഹെലികോപ്‌റ്റര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുൻകൈയെടുത്ത വനിതാ പൊലീസ് ഓഫിസര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും. കൊച്ചി പനങ്ങാട് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ എ.വി ബിജിക്ക് ആണ് പാരിതോഷികവും പ്രശംസാപത്രവും ലഭിക്കുക. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.
ഞായറാഴ്‌ച വൈകിട്ടോടെയാണ് ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് പനങ്ങാട് കുമ്പളത്തെ ചതുപ്പില്‍ സ്വകാര്യ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. ലാന്‍ഡ് ചെയ്യാൻ അഞ്ഞൂറ് മീറ്ററിൽ താഴെ ദൂരം അവശേഷിക്കെയാണ് അപകടം സംഭവിച്ചത്. അപകടസമയം ചാറ്റൽ മഴയും കാറ്റുമുണ്ടായിരുന്നു. ഇരുപത് സെന്റ് മാത്രമുള്ള ചുറ്റും മതിലും വൃക്ഷങ്ങളും ഇലക്ട്രിക്ക് പോസ്റ്റുമുള്ള സ്ഥലത്ത്, ഹെലികോപ്റ്റര്‍ കൃത്യമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്.
കൂടുതല്‍ വായനയ്‌ക്ക് : കെഎം ഷാജിയുടെ വീട്ടിൽ റെയ്‌ഡ്; അരക്കോടിയോളം രൂപ കണ്ടെടുത്തു