എറണാകുളം: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്ത സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനെതിരെ പൊലീസ് നടപടി. കൊച്ചിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂൾ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ മാനേജർ മാഗി അരൂജ, അരൂജ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് മെൽവിൻ ഡിക്രൂസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വഞ്ചനാ കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് സ്കൂൾ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തത്. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ 29 വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാനുള്ള അവസരം നഷ്‌ടമായത്. പരീക്ഷ അടുത്തിട്ടും ഹാൾ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കൾ അറിയുന്നത്. എന്നാൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്‌റ്റംബറിൽ തന്നെ അറിയാമായിരുന്ന മാനേജ്മെന്‍റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
ഇന്ന് ആരംഭിച്ച സി.ബി.എസ്.ഇ പരീക്ഷക്കായി കുട്ടികൾ എത്തിയെങ്കിലും തങ്ങൾക്ക് പരീക്ഷയെഴുതാൻ കഴിയില്ലന്ന് അറിഞ്ഞതോടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതിഷേധത്തിനാണ് സ്കൂൾ പരിസരം വേദിയായത്. അടുത്ത വർഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂൾ മാനേജ്മെന്‍റ് നൽകിയത്. എന്നാൽ കുട്ടികളുടെ ഒരു വർഷം പാഴായി പോകുമെന്നതിനാൽ ബദൽ മാർഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എട്ടാം ക്ലാസ് വരെ മാത്രം അംഗീകാരമുള്ള സ്കൂളിൽ പത്താം തരം പൂർത്തിയാക്കിയ വിദ്യാർഥികൾ ഒമ്പതും പത്തും ക്ലാസുകളിൽ വീണ്ടും പഠിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാർഥികളെ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പരീക്ഷ എഴുതിച്ചിരുന്നത്. എന്നാൽ ഈ വർഷം അതിന് കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
അതേസമയം പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ് നിർദേശിച്ചു. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. സി.ബി.എസ്.ഇ സ്കൂളുകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. സി.ബി.എസ്.ഇ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് പരിമിതികളുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന എൻ.ഒ.സി, അവസാനമായി അഫിലിയേഷൻ ദീർഘിപ്പിച്ചു കൊണ്ടുള്ള സി.ബി.എസ്.ഇ.യുടെ ലെറ്റർ എന്നിവ കൃത്യമാണോ എന്നും രക്ഷിതാക്കൾ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു.