എറണാകുളം : മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിൽ സന്തോഷമെന്ന് നടി അന്ന ബെൻ. ആലുവ ഭാരത് മാതാ കോളജിലെ ഷൂട്ടിങ് കേന്ദ്രത്തിൽ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കപ്പേള ചെയ്തപ്പോൾ നല്ലൊരു സിനിമയുടെ ഭാഗമായതിന്റെ സന്തോഷമുണ്ടായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൊവിഡ് കാരണം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. നിരവധി പേർ സിനിമ കണ്ട് നല്ല അഭിപ്രായം അറിയിച്ചിരുന്നുവെന്നും അന്ന ബെൻ പറഞ്ഞു.
കൂടുതൽ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം. നിലവിൽ നൈറ്റ് ഡ്രൈവ് എന്ന സിനിമയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആഷിഖ് അബുവിന്റെ നാരദൻ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നും അന്ന വ്യക്തമാക്കി.
ALSO READ : ചലച്ചിത്ര പുരസ്കാരങ്ങളില് സ്ത്രീമുന്നേറ്റ സന്ദേശം പ്രതിഫലിക്കുന്നുവെന്ന് സജി ചെറിയാന്
എല്ലാ കാര്യത്തിലും സിനിമാരംഗത്തുള്ള പിതാവിന്റെ അഭിപ്രായം ചോദിക്കാറുണ്ടന്നും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയായ അന്ന ബെൻ പറഞ്ഞു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കേക്ക് മുറിച്ചാണ് അന്ന ബെൻ അവാർഡ് നേട്ടത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചത്.