എറണാകുളം: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപെട്ട കള്ളപ്പണ ഇടപ്പാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന പലരുടെയും ആവശ്യത്തെ എതിർത്ത് കെ.ബി ഗണേഷ് കുമാറും മുകേഷും. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ നടപടി വേണമെന്ന് ജഗദീഷ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്സികൂട്ടീവ് യോഗത്തിന്‍റേതാണ് തീരുമാനം.
പാർവതിയുടെ രാജിക്കത്തിൽ പുനപരിശോധന വേണമെന്ന ബാബുരാജിന്‍റെ ആവശ്യത്തോട് യോഗത്തിലെ മറ്റ് അംഗങ്ങൾ വിയോജിച്ചു. നടി പാർവതി നൽകിയ രാജിക്കത്ത് പരിഗണിച്ച യോഗം പാർവതിയുടെ രാജി അംഗീകരിച്ചു. ചലച്ചിത്ര മേഖലയുമായി ബന്ധമില്ലാത്ത കേസായതിനാൽ ബിനീഷ് കോടിയേരിക്കെതിരെ നടപടി വേണ്ടെന്ന് നേരത്തെ മുകേഷും ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു.
എന്നാൽ അമ്മയുടെ ട്രഷറർ കൂടിയായ ജഗദീഷ് ഇന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും ബിനീഷിനെതിരെ നടപടി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ബിനീഷ് കോടിയേരിയോട് വിശദീകരണം ചോദിക്കാനാണ് കൊച്ചിയിൽ ചേർന്ന എക്‌സികൂട്ടീവ് യോഗത്തിൽ തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെട്ട നടൻ ദിലീപിനെതിരെ വേഗത്തിൽ നടപടിയെടുത്ത അമ്മ നേതൃത്വം ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ മൃദുസമീപനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല എന്ന് അമ്മയുടെ വൈസ് പ്രസിഡന്‍റ് സിദ്ദിഖ് പറഞ്ഞു. ദിലീപിനെതിരെ നടപടി സ്വീകരിച്ച അമ്മ ബിനീഷ് കോടിയേരിയേയും പുറത്താക്കണമെന്നും നടിമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
അതേസമയം ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സികൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ നടി രേവതി, പത്മപ്രിയ എന്നിവർ നൽകിയ കത്ത് യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമായിരുന്നു.