എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ അഭിഭാഷകനൊപ്പമാണ് ആകാശ് എത്തിയത്. ഇന്ന് ഹാജരാകാൻ കസ്റ്റംസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്തായ ആകാശിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശിന്‍റെ വഞ്ഞേരിയിലെ വീട്ടിലായിരുന്നു റെയ്‌ഡ്.
സ്വർണക്കടത്ത് കേസിൽ ഇയാളുടെ പങ്ക് സംബന്ധിച്ച് ഈ പരിശോധനയിലാണ് കസ്റ്റംസിന് സൂചന ലഭിച്ചത്. ടി.പി വധക്കേസ് പ്രതി ഷാഫി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
പ്രതിചേർക്കലില്‍ തീരുമാനം പിന്നീട്
ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ആകാശിനെ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അർജുൻ ആയങ്കി ഉൾപ്പടെയുള്ള സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് സംരക്ഷണം നൽകിയതിന് പിന്നിലും ആകാശിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.
അർജുൻ ആയങ്കിയെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ ആകാശ് നേരത്തെ പോസ്റ്റ് ഇട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പ്രതിയായതിനെ തുടർന്ന് ഡിവൈഎഫ്‌ഐ ആകാശിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
also read : 'ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ചിട്ടില്ല' ; വാര്‍ത്ത നിഷേധിച്ച് ആകാശ് തില്ലങ്കേരി