എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവകരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കവേയാണ്, ഹർജി മാറ്റിവയ്‌ക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഫോറൻസിക് ഫലം വന്നുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതിന്‍റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
എന്നാൽ ഇക്കാര്യത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച കോടതി, പരിശോധനാഫലവും ഹർജിയും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചു. കൂടാതെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്തം വേണമെന്നും ഓർമിപ്പിച്ചു.തുടർന്ന് കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
അതേസമയം ഹർജിയിൽ കക്ഷിചേരണമെന്ന ദിലീപിന്‍റ ആവശ്യം അതിജീവിത എതിർത്തിട്ടുണ്ട്. ദിലീപിനും അഭിഭാഷകർക്കും ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും ഇത് അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ കാരണമാകുമെന്നും ആരോപിച്ചാണ് കക്ഷിചേരല്‍ അപേക്ഷയെ ഹർജിക്കാരി എതിർത്തത്.