എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശം അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത്. അന്വേഷണം സത്യസന്ധമായി നടക്കും. കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷിക്കും. വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണ പരിധിയിലാണെന്നും എഡിജിപി വ്യക്തമാക്കി.
പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ദിലീപിനെ ചോദ്യം ചെയ്യുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ആലുവയിൽ പൊലീസ് ക്ലബിൽ നടന്ന പ്രത്യേക യോഗത്തിനു ശേഷമായിരുന്നു എ.ഡി.ജി.പി യുടെ പ്രതികരണം.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ തീരുമാനമായി. കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ ചോദ്യം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. ജയിലിൽ കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിയെ കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇത് ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം അടക്കമുളള വകുപ്പുകള്‍ നിലനിർത്താൻ കഴിയുന്ന ശക്തമായ തെളിവാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
സാക്ഷിവിസ്‌താരത്തിനിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പല സാക്ഷികളും വിചാരണക്കോടതിയില്‍ കൂറുമാറിയത് പ്രോസിക്യൂഷന് വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്ട്രേറ്റിന് മുന്നിൽ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ മൊഴിയും ഫോൺ ഉൾപ്പെടെയുള്ള തെളിവുകളും വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നു വിചാരണ കോടതിയും നിർദേശിച്ചിരുന്നു.
ജനുവരി 20നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്‌താരം നിർത്തിവെക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജിയും ഇരുപതാം തീയതി കോടതി പരിഗണിക്കും. വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാൻ എറണാകുളം സി.ജെ.എം കോടതി അനുമതി നൽകിയിരുന്നു. ജനുവരി 12ന് ജെ.എഫ്.സി.എം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.
Also Read: കടലാസ് പുലികൾക്ക് മുന്നിൽ തോറ്റുകൊടുക്കില്ല: വി.ഡി സതീശൻ