എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഫോണുകൾ കോടതിയിൽ വച്ച് തുറക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.
കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നും പരിശോധന ഫലത്തിന്‍റെ പകർപ്പ് ലഭ്യമാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ഫോണുകൾ ക്രൈംബ്രാഞ്ചിന് നേരിട്ട് നൽകുന്നതിനെ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് മജിസ്ട്രേറ്റ് കോടതിയെ കൊണ്ട് ഫോൺ പരിശോധിപ്പിക്കുകയെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചത്.
അതേസമയം സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തുന്നതിനെയും പ്രതിഭാഗം എതിർത്തിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. സീൽ ചെയ്‌ത് പരിശോധനയ്ക്ക് അയക്കുന്ന ഫോണുകൾ തുറക്കുന്ന പാറ്റേൺ തെറ്റാണെങ്കിൽ ഫലം വൈകുമെന്നും കോടതിയിൽ വച്ച് ഫോണുകൾ തുറക്കണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. പരിശോധന ഫലം വൈകിപ്പിക്കുന്നതിലൂടെ കേസ് നീട്ടാൻ പ്രതിഭാഗം ശ്രമിക്കാൻ ഇടയുണ്ടെന്നും ക്രൈംബ്രാഞ്ച് വാദിച്ചിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
അതേസമയം പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ദിലീപ്, അനൂപ്, സുരാജ് എന്നീ പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.
READ MORE: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദിലീപ്