എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടൻ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. ഒന്നാം പ്രതി പള്‍സര്‍ സുനി 2018ല്‍ ജയിലില്‍ വച്ച് എഴുതിയെന്ന് പറയപ്പെടുന്ന കത്ത് പിന്നീട് സുനിയുടെ അമ്മ പുറത്തുവിട്ടിരുന്നു. ആ കത്തില്‍ നടന്‍ സിദ്ദിഖിനെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്‌തത്.
"അമ്മ എന്ന സംഘടന ചേട്ടൻ എന്ത് ചെയ്‌താലും കൂട്ട് നിൽക്കുമെന്നറിയാം. അബാദ് പ്ലാസയിൽ വച്ച് ഈ കാര്യം പ്ലാൻ ചെയ്‌തപ്പോൾ സിദ്ദിക്കയും മറ്റ് ആരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം താൻ ആരോടും പറഞ്ഞില്ല. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദിഖ് ഓടി നടന്നത്" എന്നാണ് പൾസർ സുനിയുടെ കത്തിലുണ്ടായിരുന്നത്.
അതേസമയം വിസ്‌താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ഡോക്‌ടര്‍ ഹൈദരാലിയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. നടി ആക്രമിക്കപ്പെട്ട ദിവസം താൻ ഹൈദരാലിയുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ക്രൈം ബ്രാഞ്ച് ആദ്യം മൊഴി രേഖപ്പെടുത്തിയ വേളയിൽ ഹൈദരാലി ഇത് നിഷേധിച്ചിരുന്നു.
എന്നാൽ സാക്ഷി വിസ്‌താര വേളയില്‍ കോടതിയിൽ ഹൈദരാലി ദിലീപിന് അനുകൂലമായാണ് മൊഴി നൽകിയത്. ഡോ. ഹൈദരാലിയോട് മൊഴി മാറ്റി പറയണമെന്ന് ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജ് ആവശ്യപ്പെടുന്ന ശബ്‌ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഡോ.ഹൈദരാലിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തത്.