എറണാകുളം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഹർജികൾ നൽകിയത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ചാണ് വിധി പറയുന്നത്.
വസ്‌തുതകളും തെളിവുകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലിൽ തീരുമാനം ഉണ്ടാകും വരെ ശിക്ഷ വിധി നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം.
2020 ഡിസംബർ 23നാണ് അഭയ കൊലക്കേസിൽ ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവിനും സെഫിക്ക് ജീവപര്യന്തം തടവിനും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്.