എറണാകുളം : കെ.പി. അനിൽ കുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത് കോൺഗ്രസിന്‍റെ തകർച്ചയുടെ വേഗത വർധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരും.എല്‍ഡിഎഫ് സ്വീകരിച്ച വ്യക്തതയുള്ള രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണിതന്നും വിജയരാഘവൻ പറഞ്ഞു.
വി.എസ്. പ്രശാന്ത് നേരത്തെ കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്നെ കൂടുതൽ പേർ പാർട്ടിയിലെത്തുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ നേതാക്കൾ കോൺഗ്രസിന്‍റെ ഇന്നത്തെ നയരാഹിത്യത്തിലും അവസരവാദ രാഷ്രീയത്തിലും പ്രതിഷേധിച്ച് ആ പാർട്ടി വിടുമെന്നായിരുന്നു അന്ന് പറഞ്ഞത്. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ തയ്യാറാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചിരുന്നു.
കോൺഗ്രസിന്‍റെ തകർച്ച വേഗത്തില്‍
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ആർഎസ്എസ് മനസുണ്ടെന്നാണ് കെ.പി. അനിൽകുമാർ പറഞ്ഞത്. കെ. സുധാകരൻ കോൺഗ്രസ് അധ്യക്ഷനായതിന് ശേഷം ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെ അവസാനം കുറിച്ച് ഡിസിസി പ്രസിഡന്‍റുമാരെ നിയമിച്ചതിലുള്ള പൊട്ടിത്തെറി നമ്മൾ കണ്ടതാണ്. കേരളത്തിൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുളള ഗവൺമെന്‍റ് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ഇവിടെ ബോധ്യപ്പെടുത്തുന്നത് ബദൽ നയം ഉപയോഗിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്നാണ്.
ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര ഗവൺമന്‍റ് ആസ്ഥികൾ ചുളുവിലയ്ക്ക് അതിസമ്പന്നർക്ക് കൈമാറ്റം ചെയ്യുകയും ജനങ്ങളെ വർഗീയമായി വേർതിരിക്കുകയും ചെയ്യുന്ന ബിജെപി സർക്കാരിന്‍റെയും സംഘപരിവാറിന്‍റെയും നിലപാടിനെതിരെ വളരെ വ്യക്തതയോടെ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും വളരെ സ്വാധീനം ചെലുത്തുന്നുവെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
ALSO READ: മറുകണ്ടം ചാടി പ്രധാന നേതാക്കൾ ; കേരളത്തിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നോ ?
തുടർഭരണത്തിന്‍റെ ഗുണഫലങ്ങളിലൊന്ന് യുഡിഎഫിന്‍റെ തകർച്ച വേഗത്തിലാക്കുന്നു എന്നതാണ്. അവസരവാദ രാഷ്ട്രീയത്തിന്‍റെ സങ്കലനമാണ് യുഡിഎഫ്. കോൺഗ്രസ് വലിയ തകർച്ചയെ നേരിടുകയാണ്. കോൺഗ്രസ് വിട്ട നേതാക്കൾ പറയുന്ന രാഷ്ട്രീയമാണ് ശ്രദ്ധിക്കേണ്ടത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കൾ പോകുന്നത് പോലെയല്ല സിപിഎമ്മിലേക്ക് വരുന്നത്. ഇവിടെ ഒരു നയത്തിന്‍റെ ഭാഗമാണ് നേതാക്കൾ ഇടതുപക്ഷത്തേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ പാർട്ടികളുമായി സഹകരണമില്ല
മാണി കോൺഗ്രസിന് കാര്യമായ സ്വാധീനമില്ലെന്ന സിപിഐ നിലപാടിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എല്ലാ എൽഡിഎഫ് പാർട്ടികൾക്കും ജനപിന്തുണയുണ്ടെന്നായിരുന്നു വിജയരാഘവന്‍റെ മറുപടി. എൽഡിഎഫിലെ വിപുലമായ ഐക്യമാണ് വിജയത്തിന് കാരണം. വി.ഡി സതീശൻ പറയുന്നതല്ലാം തമാശയാണ്. ഇടതുപക്ഷം വർഗീയ പാർട്ടികളുമായി സഹകരിക്കില്ലെന്നും ആക്‌ടിങ് സെക്രട്ടറി പറഞ്ഞു.
ഈരാറ്റുപേട്ടയിൽ ഒരു സ്ഥാനവും നേടിയിട്ടില്ല. അവിശ്വാസ പ്രമേയം പസാകുന്നതും ഐക്യവും രണ്ടാണ്. പാലാ ബിഷപ്പിന്‍റെ പ്രസ്‌താവന സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും എ. വിജയരാഘവൻ കൊച്ചിയിൽ പറഞ്ഞു.