കണ്ണൂർ : ഇടതുസർക്കാർ കൊലയാളികൾക്ക് സംരക്ഷണം നൽകുന്നുവെന്നും ജയിലുകൾ ഉല്ലാസ കേന്ദ്രങ്ങളാക്കുന്നുവെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാരവം സംഘടിപ്പിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ നടന്ന സമരം കോണ്‍ഗ്രസ് നേതാവ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്‌തു. സിപിഎം ഭരണകാലത്ത് സെന്‍ട്രല്‍ ജയിലുകള്‍ കുറ്റവാളികളുടെ സുഖവാസ കേന്ദ്രമാണെന്ന് സതീശന്‍ പാച്ചേനി ആരോപിച്ചു.
Also read: 'കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് കൊടി സുനി' ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന്‍
പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ കുറ്റവാളികള്‍ക്കായി സൈര്യവിഹാരം ഒരുക്കുകയാണ്. ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊന്നും ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി, കണ്ണൂർ, കാസർഗോഡ് ജില്ല പ്രസിഡൻ്റുമാരായ സുധീപ് ജയിംസ്, പി.പി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.