കാസർകോട്: ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രംഗത്ത്. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മര്‍ദത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്കരിച്ച പ്രോട്ടോകോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നുമാണ് കലക്ടർ.
തനിക്ക് വ്യക്തിപരമായി ഈ തിരുമാനത്തോട് യോജിപ്പാണ്. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗൺ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. സാധാരണക്കാരെയാണ്. റിക്ഷാ ഡ്രൈവർമാരാണ് കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തതെന്നും കലക്ടര്‍ ഫേസ് ബുക്കിൽ വിശദീകരിക്കുന്നു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള കാസർകോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവ് മണിക്കൂറുകൾക്കുള്ളിലാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ല സമ്മേളനം നടക്കുന്നതിനാൽ സമ്മർദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപമാണ് ഉയർന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോകോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതെന്നും കലക്ടർ പറയുന്നു.
ALSO READ:മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ