കണ്ണൂര്‍: തലശ്ശേരി പൊലീസ് സ്റ്റേഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കിണറിൽ തുള്ളി വെള്ളമില്ല. കിണർ കുഴിച്ച് ഒമ്പത് വർഷം പിന്നിട്ടിട്ടും ഇതുവരെ ആർക്കും പ്രയോജനപ്പെട്ടിട്ടില്ല. രാസ വസ്തുക്കളുടെ സാന്നിധ്യമാണ് വെള്ളം ഉപയോഗ ശൂന്യമാകാന്‍ കാരണം. ഇപ്പോൾ പുറത്ത് നിന്ന് എത്തിക്കുന്ന വെള്ളം ഉപയോഗിച്ചാണ് സ്റ്റേഷനിലെ ആവശ്യങ്ങൾ നിറവേറ്റുന്നത്.
തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണൻ എം.എൽ.എയായിരിക്കുമ്പോഴാണ് ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന വേനൽക്കാലത്ത് പൊലീസിന് ഉപകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2 ലക്ഷത്തി 76,000 രൂപ കിണറിനായി കോടിയേരി അനുവദിച്ചത്. ഈ കിണറാണിപ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുന്നത്.