കണ്ണൂര്‍: തലശ്ശേരിയിലെ ഐ.ഡി.ബി.ഐ ബാങ്കിനുള്ളിൽ ജീവനക്കാരി വെടിയേറ്റു മരിച്ച കേസില്‍ പൊലീസ് വീണ്ടും കുറ്റപത്രം സമർപ്പിച്ചു. അപൂർണത കാരണം കഴിഞ്ഞ ദിവസം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ന്യൂനതകൾ പരിഹരിച്ച് തലശേരി സി.ഐ കെ സനൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം വീണ്ടും സമർപ്പിച്ചത്.
ഐ.ഡി.ബി.ഐ ബാങ്കിന്‍റെ തലശ്ശേരി ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയിലെ സെയില്‍സ് ജീവനക്കാരിയായ ധർമ്മടം മേലൂരിലെ പുതിയാണ്ടിയിൽ വില്‍ന വിനോദ്(31) ആണ് വെടിയേറ്റു മരിച്ചത്. കേസിന്‍റെ കുറ്റപത്രം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് റൊഡാൾഡ് സെക്യൂറക്ക് മുന്‍പാകെയാണ് സമര്‍പ്പിച്ചത്.
സംഭവം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രന്‍ (51) ആണ് പ്രതി. സംഭവസ്ഥാലത്തു നിന്നും ശേഖരിച്ച സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ 15 തൊണ്ടി മുതലുകളും 25 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ കശ്മീരില്‍ നിന്നാണ് പൊലീസ് കണ്ടടുത്തത്.