കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് പട്ടുവം വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബഞ്ചമിനെയാണ് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്നുമാണ് 2000 രൂപ കൈക്കൂലി വാങ്ങാൻ വില്ലേജ് ഓഫിസർ ശ്രമിച്ചത്.
കഴിഞ്ഞ മാസം മൂന്നാം തിയതി പിന്തുടർച്ച സർട്ടിഫിക്കറ്റിനായി പ്രകാശൻ പട്ടുവം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിച്ച വില്ലേജ് ഓഫിസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ നിരന്തരം വിലപേശുകയും 2000 രൂപ തരാമെന്ന് പറയുകയുമായിരുന്നു.
also read: കൈക്കൂലി കേസില്‍ മുൻ ദേശീയ ഗുണനിലവാര മോണിറ്റർക്ക് തടവും പിഴയും
വ്യാഴാഴ്‌ച രാവിലെ പണവുമായി എത്താനാണ് ജസ്റ്റിസ് പ്രകാശനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പ്രകാശൻ വിജിലൻസ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിക്കുകയുമായിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 2000 രൂപ വില്ലേജ് ഓഫിസർക്ക് കൈമാറവേയാണ് വിജിലൻസ് സംഘം പിടികൂടിയത്. കാഞ്ഞിരങ്ങാടുള്ള ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തി. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.