കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം ജില്ലയിലെ തെരുവുകളിൽ വ്യാപകമായി പ്രദർശിപ്പിച്ചിരിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും വാണിയ സമുദായ സമിതി ഭാരവാഹികൾ. മലബാറിലെ 108 ഓളം വരുന്ന മുച്ചിലോട്ട് കാവുകളിലെ ലക്ഷക്കണക്കിന് വരുന്ന സമുദായംഗങ്ങൾ കുലദേവതയായി ആരാധിക്കുന്നതാണ് മുച്ചിലോട്ട് ഭഗവതി.
പൂർണമായ ആചാര അനുഷ്‌ഠാനങ്ങളോടെ സംരക്ഷിക്കപ്പെടേണ്ട കുലദേവതയെ പാർട്ടി പ്രചരണത്തിന്‍റെ ഭാഗമായി വ്യാപകമായി ഫ്ളക്‌സ് ബോർഡുകളിലും മറ്റും വികൃതമായി പ്രദർശിപ്പിച്ചിരിക്കുകയാണ്. പാർട്ടി കൊടികളോടൊപ്പമാണ് ഇവ തെരുവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമുദായംഗങ്ങളിൽ ഉള്ളത്.
ALSO READ: ധീരജ് വധക്കേസ് : നിഖിൽ പൈലി ഒഴികെയുള്ള അഞ്ച് പ്രതികള്‍ക്ക് ജാമ്യം
ഈ വിഷയം ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ വാണിയ സമുദായ സമിതി പ്രസിഡന്‍റ് വി വിജയൻ, സെക്രട്ടറി ഷാജി കുന്നാവ്, ബാബു വാരം, പ്രേമചന്ദൻ എന്നിവർ പങ്കെടുത്തു.