കണ്ണൂർ: പാലം നിർമാണത്തിലെ അശാസ്ത്രീയത മൂലം കൃഷി തടസപ്പെട്ട് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ ചോണോംകണ്ടം പാടശേഖരം. പാലത്തോടു ചേർന്ന ബണ്ട് പൊട്ടി വെള്ളം കയറുന്നതാണ് വയലിൽ കൃഷി അസാധ്യമാക്കിയത്. നിലവിൽ കളകയറി മൂടിയ നിലയിലാണ് വയൽ.
തോടിനു കുറുകെ പാലം നിർമിച്ചതിലെ അശാസ്ത്രീയതയും കാലപ്പഴക്കം ചെന്ന് തകർന്ന ബണ്ടുകളുമാണ് ഇവിടെ കൃഷി തടസപ്പെടാനുള്ള പ്രധാന കാരണം. പാലം നിർമിച്ചപ്പോൾ വേണ്ടത്ര വീതിയും ആഴവും കൂട്ടാത്തതിനാൽ പഴയ ബണ്ടുകൾ പൊട്ടുകയായിരുന്നു.
ഇടവിട്ടുളള മഴകൾ കൂടിയായതോടെ വയലിൽ നിന്ന് വെള്ളം ഇറങ്ങാതായി. വയലിനോടു ചേർന്ന് പൊട്ടിയ ബണ്ടുകൾ അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ വിശാലമായ ഈ കൃഷിയിടത്തിൽ കൃഷി സാധ്യമാകുകയുള്ളു. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.