കണ്ണൂര്‍: തലശേരി പുതിയ ബസ് സ്‌റ്റാന്‍റ് കോംപ്ലക്സിനുള്ളിലെ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച. ബ്യൂട്ടി മൊബൈൽ ഷോപ്പിലാണ് കവർച്ച നടന്നത്. 30000 രൂപ വില വരുന്ന ഒരു ലാപ്‌ടോപ്പ്, റിപ്പയറിങ്ങിന് കൊണ്ടു വന്ന വിലയേറിയ നാല് മൊബൈൽ ഫോണുകൾ, 12000 രൂപ എന്നിവയാണ് കവർച്ച ചെയ്തത്. ഇരുമ്പ് വാതിലുകൾ കമ്പി പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. ഷോപ്പുടമ കൂത്തുപറമ്പ് സ്വദേശി പി. മുഹമ്മദ് ഷംസീർ തലശേരി പൊലീസിൽ പരാതി നൽകി.
70000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. രണ്ടാഴ്ച മുമ്പ് സമാനമായി ഷോപ്പിങ് കോംപ്ലക്സിനുള്ളിലെ നാലോളം കടകളിൽ മോഷണം നടന്നിരുന്നു. സിഗരറ്റ് , കുപ്പിവെള്ളം, ബിസ്കറ്റ് തുടങ്ങിയവ മോഷ്ടിച്ചിരുന്നു. സ്‌റ്റാന്‍റിനുളളിലെ ഒരു ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നാണ് കടയുടമകളുടെ പരാതി. തലശേരി പ്രിൻസിപ്പൽ എസ്.ഐ ബിനു മോഹനന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം കടയില്‍ പരിശോധന നടത്തി.