കണ്ണൂർ: ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി യുവതികളുടെ സ്‌കൂട്ടര്‍ റാലി. തളിപ്പറമ്പ് സർസയ്യദ് കോളജുമായി സഹകരിച്ചാണ് സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി അബ്ദുൽ അസീസ് നിർവഹിച്ചു. തുടർന്ന് നടന്ന റാലിയിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു.
ട്രാഫിക് ബോധവൽകരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളുമായി എത്തിയ യുവതികളുടെ റാലി നഗരം ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നിയമം ലംഘിച്ച് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ കണ്ടെത്തി ഉപദേശങ്ങൾ നൽകി. തളിപ്പറമ്പ് സി.ഐ സത്യനാഥൻ, എസ്ഐ കെ.പി ഷൈൻ, ട്രാഫിക് എസ്ഐ കെ. മുരളി, ഡോ. നഫീസ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.