കണ്ണൂര്‍: ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികള്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ അടച്ചു. തളിപ്പറമ്പ സബ് ഡിവിഷന്‍റെ ചുമതലയുള്ള എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം തളിപ്പറമ്പ ഡിവൈഎസ്‌പി ടി.കെ രത്‌നകുമാറിന്‍റെയും സിഐ സത്യനാഥിന്‍റെയും നേതൃത്വത്തിലാണ് അതിർത്തികള്‍ അടച്ചത്. ജില്ലയിൽ തിങ്കളാഴ്ച ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഐ. ജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അതിര്‍ത്തികള്‍ അടക്കാന്‍ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷൻ അതിർത്തികൾ ലോക്ക് ഡൗൺ തീരുന്ന മെയ് 3 വരെ അടച്ചിടും. ബാരിക്കേഡ് അതിക്രമിച്ച് കടന്നാൽ കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. തളിപ്പറമ്പിലെ മാർക്കറ്റ് റോഡും തൃച്ചംബരം അമ്പലം റോഡുകളും അടച്ചു. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കും.
ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ്പിമാർക്ക് നൽകി. കണ്ണൂർ സബ് ഡിവിഷന്‍റെ ചുമതല ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കും തളിപ്പറമ്പ് സബ് ഡിവിഷന്‍റെ ചുമതല നവനീത് ശർമക്കും തലശ്ശേരി, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതല അരവിന്ദ് സുകുമാറിനും നല്‍കി. വില്ലേജ് അടിസ്ഥാനത്തിൽ അതിർത്തികൾ ഉടന്‍ പൂർണമായും അടക്കും. കച്ചവട സ്ഥാപനങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ടാകും.