കണ്ണൂര്‍: ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചംഗ സംഘത്തെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പരിയാരം പൊലീസ് കേസെടുത്തു. പരിയാരം ഇരിങ്ങലിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയ ഇതര സംസ്ഥാനക്കാരായ മൂന്നുപേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇരിങ്ങലിലെ ഈ വാടക വീട്ടിൽ നടത്തിയ പരിശോധനക്കിടെ 1.6 കിലോ ഗ്രാം കഞ്ചാവും പിടികൂടി. അതേസമയം, സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഞായറാഴ്‌ച വൈകിട്ടോടെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുടെ തുടക്കം. നിരോധിച്ച 500, 1000 രൂപ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘത്തിലുള്ളവരാണ് പരാതിക്കാരെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഈ തട്ടിപ്പ് സംഘത്തിന് കേരളത്തിന്‍റെ പല ഭാഗത്തും ഏജന്‍റുമാരുണ്ട്. പഴയ നോട്ടുകള്‍ കൈവശമുള്ളവരെ ഇവരാണ് കണ്ടെത്തി തലവന് വിവരം നൽകുന്നത്. തുടർന്ന് മറ്റൊരു സംഘമെത്തി പരിശോധിച്ച ശേഷം നിരോധിത നോട്ടുകൾ അയച്ചു കൊടുക്കാൻ നിർദേശിക്കും. ഇങ്ങനെ പണം അയച്ചു കഴിഞ്ഞാല്‍ തന്ത്രപൂർവം സംഘം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു ഇടപാട് നടത്താനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരായ ഇതര സംസ്ഥാന സംഘത്തെ പരിയാരത്തേക്ക് വിളിച്ചു വരുത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഞായറാഴ്ച സന്ധ്യയോടെ ഗോവ വഴി കണ്ണവത്തെത്തിയ അഞ്ചംഗ സംഘത്തെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും അവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നാണ് പരാതി. 60,000 രൂപയും രണ്ട് സ്വര്‍ണമാലകളും ഒരു എടിഎം കാര്‍ഡും അക്രമി സംഘം കൈക്കലാക്കിയെന്നും ഇവര്‍ പറയുന്നു. പിന്നീട് കണ്ണൂരില്‍ കൊണ്ടുപോയി എടിഎമ്മില്‍ നിന്ന് 9,000 രൂപ പിൻവലിപ്പിച്ച് അതും തട്ടിയെടുത്തു. തുടര്‍ന്ന് ഇരിങ്ങലിലെ ഒരു വീട്ടിൽ തടങ്കലിലാക്കുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
അഞ്ചംഗ സംഘം വീട്ടിലെത്തും മുമ്പ് ആ കാറില്‍ നിന്ന് ഒരാള്‍ പുറത്തുചാടിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ മുംബൈ കുലാവയിലെ ഓംരാജ്, കല്യാണിലെ സമാധാന്‍, ഗുജറാത്ത് അഹമ്മദാബാദിലെ അഷ്മിന്‍ എന്നിവരെ മോചിപ്പിക്കുകയായിരുന്നു. അതിനിടയില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കര്‍ണാടക ബെല്‍ഗാമിലെ സഞ്ജയ്, മുംബൈയിലെ സതീഷ് എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരെ ആക്രമിച്ചുവെന്ന് സംശയിക്കുന്ന സംഘത്തിലുള്ള കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരിങ്ങൽ സ്വദേശിയായ നിസാം എന്നയാളാണ് ഈ വാടക വീട്ടിൽ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അന്യ സംസ്ഥാനക്കാരെ കൊണ്ടു പോകാൻ ഉപയോഗിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്നാണ് സൂചന. ഇതുൾപ്പെടെ സംഭവത്തിലെ എല്ലാ ദുരൂഹതകളും നീക്കാനാണ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയത്.