കണ്ണൂര്‍: തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിന് സമീപം കൊവിഡ് കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ തളിപ്പറമ്പിലെ വ്യാപാരികൾ രംഗത്ത്. പാപ്പിനിശേരിയിലെ സ്വകാര്യ ലാബാണ് തളിപ്പറമ്പ് ടൗണ്‍ സ്വക്വയറിന് സമീപം കൊവിഡ് കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികൾ നഗര സഭാ ചെയർപേർസൺ മുമ്പാകെ പരാതി നൽകി.
തിരക്കേറിയ ബസ് സ്റ്റാൻഡ് പരിസരത്ത് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് കിയോസ്‌ക് യൂണിറ്റ് ആരംഭിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്. ബൂത്തിൽ പരിശോധനക്ക് എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ല. കൂടാതെ നഗരത്തിലെ പൊതുപരിപാടികൾ നടക്കുന്ന ടൗൺ സ്‌ക്വയറിന് സമീപത്താണ് സ്ഥാപിച്ചിട്ടുള്ളതെന്നതിനാലും ഇത് ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരികളെ അടക്കം ബാധിക്കുമെന്നും പരാതിയിൽ പറയുന്നു.
ജില്ലാ കലക്ടറുടെ അനുമതിയുണ്ടെന്ന് അറിയിച്ചാണ് നഗരസഭയില്‍ യൂണിറ്റ് സ്ഥാപിച്ചത്. നഗരസഭയുടെ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തില്‍ മറ്റ് സ്വകാര്യ ലാബുകളുടെ ചാര്‍ജാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്. 50 രൂപ കുറച്ചാണ് ടെസ്റ്റുകൾക്ക് ഈടാക്കുന്നതെന്നും പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്‌സണ്‍ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി.