കണ്ണൂർ : തളിപ്പറമ്പ് സിപിഎമ്മില്‍ വിഭാഗീയത ശക്തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു.മാന്തം കുണ്ട് കിഴക്ക് - കെ സതീശൻ, മാന്തം കുണ്ട് പടിഞ്ഞാറ് - ഡിഎം ബാബു, പുളിമ്പറമ്പ് പടിഞ്ഞാറ് - കെ മുകുന്ദൻ എന്നീ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി നല്‍കിയത്. അര്‍ഹരായ പലരെയും തഴഞ്ഞതിലുള്ള പ്രതിഷേധമാണ് രാജിയില്‍ കലാശിച്ചത്. ഇതോടെ സിപിഎം തളിപ്പറമ്പ് നേതൃത്വം പ്രതിരോധത്തിലായി.
'മാന്ധം കുണ്ടിലെ പാർട്ടി അണികളെ തളിപ്പറമ്പ് നേതൃത്വം അടിച്ചമർത്തുന്നു'
സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തതോടെയാണ് വിഭാഗീയത പോസ്റ്ററുകളായും ശക്തി പ്രകടനമായും തെരുവിലെത്തിയത്. കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന മാന്ധം കുണ്ടിലെ പാർട്ടി അണികളെ തളിപ്പറമ്പിലെ നേതൃത്വം അടിച്ചമർത്തുന്നു എന്നായിരുന്നു ആക്ഷേപം.
കൂടാതെ വിപി സന്തോഷ്, ഐഎം സവിത എന്നിവരെ ഒഴിവാക്കി, പി വി പദ്‌മനാഭനെ വീണ്ടും തെരഞ്ഞെടുത്തതും ലോക്കൽ പരിധിയിൽ ഇല്ലാത്ത പി.കെ രാജേഷിനെ തെരഞ്ഞെടുത്തതും രാജിയ്ക്ക് കാരണമായി ബ്രാഞ്ച് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന തലത്തിൽ തളിപ്പറമ്പ് വിഭാഗീയത ചർച്ചയായേക്കും
പോസ്റ്ററുകൾ ഒട്ടിച്ചതും ശക്തി പ്രകടനം നടത്തിയതും പാർട്ടി വിരുദ്ധരാണെന്ന ലോക്കൽ സെക്രട്ടറിയുടെ നിലപാട് തള്ളി കഴിഞ്ഞ ദിവസം വിമതവിഭാഗം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചത്.
ALSO READ: തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയത : പോസ്റ്റർ പതിച്ചത് പാർട്ടി വിരുദ്ധരെന്ന് നേതൃത്വം,തള്ളി വിമതര്‍