കണ്ണൂര്‍: ഏത് നിമിഷവും തകർന്നുവീഴാവുന്ന കടല്‍പ്പാലത്തിലേക്ക് സന്ദർശകർ കയറാതിരിക്കാൻ മതില്‍ കെട്ടിയിട്ടും രക്ഷയില്ല. തലശേരി കടല്‍പ്പാലം സന്ദർശകർക്കും അധികൃതർക്കും ഒരു പോലെ ഭീഷണിയാണ്. വൈകുന്നേരങ്ങളില്‍ നിരവധി സന്ദര്‍ശകരാണ് മതില്‍ മറികടന്ന് പാലത്തില്‍ പ്രവേശിക്കുന്നത്. തൂണുകള്‍ ജീര്‍ണ്ണിച്ച് തുടങ്ങിയ പാലത്തിന്‍റെ അടിത്തട്ടിലെ കോണ്‍ക്രീറ്റ് പാളികള്‍ പലതും ദ്രവിച്ചു.
അപകടാവസ്ഥ തുറമുഖ വകുപ്പിലെ വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് പാലം സംരക്ഷണ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനോളം ചരിത്രമുള്ള തലശേരി കടല്‍പ്പാലം സംരക്ഷിക്കണം എന്ന ആവശ്യം ഇതിനകം ശക്തമാണ്.