കണ്ണൂര്‍ : തലശ്ശേരി-മാഹി ബൈപ്പാസ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കിയ കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. എരഞ്ഞോളി ചോനാടം എകരത്ത്പീടിക ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കിയതിന്‍റെ പേരില്‍ നിരവധി കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നത്. ബൈപ്പാസിനായി പ്രദേശത്തെ റോഡിനിരുവശത്തെയും മണ്ണ് നീക്കം ചെയ്തതോടെ ഇവിടുത്തെ വീടുകളും കിണറുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഏത് നിമിഷവും വീടുകള്‍ നിലംപതിച്ചേക്കും. പ്രദേശവാസിയായ പാലോളിക്കണ്ടിയിൽ സി രവീന്ദ്രന്‍റെ വീടിന്‍റെ അടുക്കള, കിണർ എന്നിവയോട് ചേര്‍ന്ന് പത്തടി ദൂരത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്താണ് ബൈപാസിനായി വഴി ഒരുക്കിയത്. ഇവിടെ പതിനഞ്ച് അടിയിലേറെ താഴ്ചയിൽ മണ്ണ് മാറ്റിയ കുഴിയാണുള്ളത്. വീട്ടിലേക്കുള്ള വഴിയും ഇതോടെ കുഴികള്‍ നിറഞ്ഞതായി. പ്രയാസപ്പെട്ടാണ് വീട്ടുകാര്‍ വഴി ഉപയോഗിക്കുന്നത്. പലപ്പോഴും വീണ് അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
സമാനസ്ഥിതി തന്നെയാണ് പ്രദേശത്തുള്ള മറ്റ് കുടുംബങ്ങള്‍ക്കും. റോഡിന് ഇരുവശവും സംരക്ഷണ ഭിത്തി കെട്ടാന്‍ പ്രവൃത്തി നടത്തിയവര്‍ തയ്യാറാകാതിരുന്നതാണ് കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. കുഴികള്‍ നിറഞ്ഞ റോഡിലൂടെ വീടുകളിലേക്ക് എത്തിച്ചേരാന്‍ പ്രായമായവരും പ്രയാസപ്പെടുകയാണ്.