കണ്ണൂര്‍: ചെയർപേഴ്‌സണ്‍ സ്ഥാനം വനിതകൾക്ക് സംവരണം ചെയ്യപ്പെട്ട തലശേരി നഗരസഭയിലെ മത്സരപട്ടിക പ്രധാന രാഷ്ട്രീയ പാർട്ടികൾ ഉടൻ പ്രഖ്യാപിക്കും. ഇടത് മുന്നണി ഒന്നോ രണ്ടോ പേരെ ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് മുഴുവൻ പേരെയും പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുക. സി.പി.എം (40) ഇതിൽ മാരിയമ്മ, പാലിശേരി, കൊടുവള്ളി വാർഡുകളിൽ സ്വതന്ത്രരെ തേടുന്നുണ്ട്. സി.പി.ഐ (5) ഐ.എൻ.എൽ (2) എൻ.സി.പി (3) കോൺഗ്രസ് (എസ്) -(1) ജനതാദൾ (1) എന്നിങ്ങനെയാണ് ധാരണയിലെത്തിയിട്ടുള്ളത്.
ഭരണത്തുടർച്ചയുണ്ടായാൽ കുട്ടിമാക്കൂലിൽ നിന്ന് മത്സരിക്കാനിടയുള്ള സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍റെ ഭാര്യ അനിതയോ, പുന്നോലിൽ നിന്ന് മത്സരിച്ചേക്കാവുന്ന യമുനാ റാണിയോ ചെയർപേഴ്‌സണാവും. സിപിഎം ഏരിയാ കമ്മിറ്റി അംഗമായ വാഴയിൽ ശശിയായിരിക്കും വൈസ് ചെയർമാനാകുകയെന്നറിയുന്നു. യുഡിഎഫിലും പുതുമുഖങ്ങൾ തന്നെയാണ് പട്ടികയിലേറെയും. ഗ്രൂപ്പുകൾക്കുമപ്പുറം ജയ സാധ്യതയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. 35 സീറ്റുകളിൽ കോൺഗ്രസും 17 സീറ്റുകളിൽ മുസ്‌ലിം ലീഗും മത്സരിക്കും.
വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടായാൽ മുസ്‌ലിം ലീഗിന്‍റെ ചില സീറ്റുകളിൽ നീക്കുപോക്കുണ്ടാകും. ജയിച്ചാൽ എ.വി ശൈലജ ചെയർപേഴ്‌സണാകാനാണ് സാധ്യത. എൻഡിഎയിൽ ബി.ജെ.പി. 42 സീറ്റിലും, ബി.ഡി.ജെ.എസ് 10 സീറ്റുകളിലും മത്സരിക്കും. ബി.ജെ.പി.യിലെ സ്മിത ജയമോഹൻ, ശോഭന തുടങ്ങിയവരാണ് ചെയർപേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള പരിഗണന പട്ടികയിലുള്ളത്.