കണ്ണൂര്‍: ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ ആറുവരി പാതയാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കുറ്റിക്കോൽ പാലം മുതൽ മുഴപ്പിലങ്ങാട് വരെ 32.700 കിലോമീറ്റർ റോഡ് നിർമാണത്തിന് 1518.39 കോടി രൂപ മതിപ്പ് ചെലവിലാണ് ദേശീയപാത അതോറിറ്റി ഇ-ടെൻഡർ വിളിച്ചത്. ഫെബ്രുവരി 17 വരെ ടെൻഡർ സമർപ്പിക്കാം. സ്ഥലമെടുപ്പിനെതിരെ എതിർപ്പുയർന്ന പാപ്പിനിശ്ശേരി, തുരുത്തി ഉൾപ്പെട്ട മേഖലയിലൂടെ കടന്നു പോകുന്ന ആറുവരി പാത നിർമാണത്തിനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.
ദേശീയപാത അതോറിറ്റി പണം കൊടുത്ത് സ്ഥലം പൂർണമായി ഏറ്റെടുക്കുന്നതിന് മുമ്പാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കൽ, എളയാവൂർ, വലിയന്നൂർ, പുഴാതി വില്ലേജുകളിലായി 500 കോടിയോളം രൂപ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ഇനിയും ബാക്കിയാണ്. ഈ തുക നൽകുന്നതിന് ശേഷം മാത്രമേ സ്ഥലമെടുപ്പ് നടപടി പൂർത്തിയാകൂ.